Wednesday, 21 March 2012

കുചേല വൃത്താന്തം


          

വഴി ദൂര മിനിയുമുണ്ടേറെ യി - 
ന്നടിയന്നു താണ്ടുവാന്‍ നിന്‍ സവിധമണയാന്‍
തുടരുന്നു ഞാനീ പ്രയാണം
മരുദ്വീപമായ് നിന്‍റെ സ്മ്രിതികളുണരുമ്പോള്‍


ദുരിതങ്ങള്‍! എട്ടുകാലികള്‍!!
എന്‍റെ വഴികളില്‍ വലകള്‍ കോര്‍ത്തിരകാത്തിരിപ്പൂ.
  വലയില്‍ വലഞ്ഞും പിടഞ്ഞൂര്‍ന്നിറങ്ങിയും 
തുടരുന്നു പ്രാണപ്രയാണം.


 വരുകില്ല; വാകീറി വച്ചവന്‍
വാ വിട്ടു കരയും കിടാങ്ങളെയൂട്ടാന്‍.
കരയാതെ ചാരത്തിരിപ്പവള്‍ക്കുള്ളിലെ -
ക്കനലിലെന്‍ മൌനമെരിയുന്നു.
ഒടുവിലൊരു മയിലിന്‍റെ പീലിയെന്‍ മനതാരില്‍
ഒരുമാത്ര ഇളകി മായുമ്പോള്‍
നിറുകയില്‍ പുത്രക്ക് പ്രത്യാശതന്‍ മുത്ത -
മൊരുപാടുതിര്‍ത്തേ കൊടുത്തേന്‍ !


കരളിന്‍റെ യാഴങ്ങളില്‍ നിന്നുമൊരു പഴയ
നറുനിലാച്ചിരിയും വിടര്‍ത്തി,
പുറകിലെങ്ങോ പോയ്‌ പൊലിഞ്ഞൊരു വസന്തത്തില്‍
അവള്‍ നിന്ന് കൈ വീശിടുമ്പോള്‍
   
വഴിയുടെ വലത്തേക്കൊഴിഞ്ഞുവോ
പഴയൊരു ചകോരം ? എന്‍ മിഴികളലയുന്നു.

അകതാരില്‍ നിന്‍ നീല നിറമാര്‍ന്ന പാദങ്ങളോര്‍ത്ത്
ഞാന്‍ നടകൊണ്ടിടുന്നേന്‍ 

അറയിലെ കുംഭങ്ങളില്‍ ശത കോടികള്‍
നിന്‍ വരങ്ങള്‍ മയങ്ങുമ്പോള്‍
   തിരുമുന്‍പില്‍ അലിവിനായ് കാഴ്ച വക്കാന്‍
ശ്വേതമണിയുന്നവില്‍പൊതി മാത്രം. 
 തുടരുകയാണീ പ്രയാണം 
മരുദ്വീപമായ് നിന്‍റെ സവിധമകലുമ്പോള്‍
വലതു കയ്യാല്‍ കൊടും കൈകുത്തിയവിടുന്ന് 
പള്ളികൊള്ളുന്നതറിയുന്നേന്‍ 


 

No comments:

Post a Comment