Wednesday, 3 October 2018

ഗൌതമ ബുദ്ധന്‍റെ ആത്മസാക്ഷാത്കാരം

അതെന്താണോ, അതെന്നില്‍ത്തന്നെയുണ്ട്, പിന്നെ എന്തിനാണ് ചുറ്റിലുമുള്ള സമസ്തലോകത്തില്‍ തിരയുന്നത്?” ഈ തോന്നലുണ്ടായ അതേ നിമിഷംതന്നെ തളര്‍ന്നവശനായ സിദ്ധാര്‍ത്ഥന് മുന്നോട്ടു നീങ്ങാനുള്ള ഊര്‍ജ്ജം കൈവരിക്കാനും, നദിക്കരയും കടന്ന്‍, ഇന്ന് ലോകപ്രസിദ്ധമായിത്തീര്‍ന്ന ആ ബോധിവൃക്ഷച്ചുവട്ടില്‍ ഇരിയ്ക്കാനും കഴിഞ്ഞു.
സദ്ഗുരു : ഏതാണ്ട് രണ്ടായിരത്തിയറുനൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു പൌര്‍ണമി ദിവസം വലിയ ഒരു സംഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം, അന്നുവരെ ലോകത്ത് തുടര്‍ന്നു പോന്നിരുന്ന സ്ഥിതിവിശേഷം പാടേ തുടച്ചു മാറ്റപ്പെട്ടു. ശ്രീ ഗൌതമബുദ്ധന്‍ തന്റെ തനതായ മൌന ശൈലിയില്‍ ലോകത്തെ എന്നന്നേക്കുമായി തകിടം മറിച്ചു. ലോകത്തെമ്പാടും ആത്മീക പാതയില്‍ അദ്ദേഹം ഒരു മാറ്റം കൊണ്ടുവന്നു. മനുഷ്യന്റെ ഔന്നത്യ തൃഷ്ണയുടെ എല്ലാ ഭാവങ്ങളിലും വ്യത്യസ്തമായ ഒരു വിശിഷ്ടമായ ഗുണം, അഥവാ മേന്മ അദ്ദേഹത്താല്‍ ആവിഷ്കരിയ്കപ്പെടുകയുണ്ടായി. ആ പുണ്യാത്മാവിന്‍റെ ആത്മീയ വികാസം, അഥവാ സാക്ഷാത്ക്കാരം, ഓരോ മുക്കിലും കോണിലുമുള്ള ആത്മീയ അന്വേഷകനിലും സുപ്രധാന മാറ്റമാണ് വരുത്തിവച്ചത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അത്രമാത്രം പ്രബലവും ശ്രേഷ്ഠവും ആയിത്തിര്‍ന്നു. ആത്മീയപാതയില്‍ വളരുന്ന ഏതൊരാള്‍ക്കും പിന്നെ ഗൌതമബുദ്ധനെ അവഗണിക്കാന്‍ പറ്റാതെയായി.
ഏതാണ്ട് പത്തുവര്‍ഷക്കാലത്തോളം നീണ്ടുനിന്നതും ശാരീരികമായി അപകടത്തിലേക്ക് നയിയ്ക്കുന്നതുമായ കഠിന ആത്മീയ പരിശ്രമങ്ങള്‍ക്ക് ശേഷം, ഗൌതമബുദ്ധന്‍ 
തളര്‍ന്നവശനായിനായിക്കഴിഞ്ഞിരുന്നു. മരണത്തോടടുത്തു എന്നു തോന്നും വിധം അദ്ദേഹത്തിന്റെ ശരീരം താറുമാറായിപ്പോയിരുന്നു. വളരെ ശക്തിയായി ഒഴുകിക്കൊണ്ടിരുന്നതും എന്നാല്‍ മുട്ടോളം ആഴമുള്ളതുമായ നിരഞ്ജന നദി അദ്ദേഹത്തിന് ആ സമയം ഒരു ചെറിയ അരുവി പോലെ തോന്നി. ആ നദിയിലേയ്കിറങ്ങി മറു വശത്തുകടക്കാനായി ശ്രമിച്ചു. പക്ഷേ പകുതിദൂരം പിന്നിട്ടപ്പോഴേക്കും, ഒരടിപോലും മുന്നോട്ടുനീനിങ്ങാനാവത്ത വിധം പരിക്ഷീണിതനായിപ്പോയി. ഇത്തരം പരിതസ്ഥിതിയില്‍പ്പോലും പിന്തിരിയുന്നവനല്ലായിരുന്നു ഗൌതമന്‍. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നിന്നു. വളരെയധികം നേരം, മണിക്കൂറുകള്‍തന്നെ അദ്ദേഹം അവിടെത്തന്നെ അങ്ങിനെ നിന്നു എന്നാണ് പറയപ്പെടുന്നത്.
വാസ്തവത്തില്‍ വളരെയേറെ മണിക്കൂറുകള്‍ അവിടെത്തന്നെ നിന്നോ, അതോ ആ സമയത്തെ ക്ഷീണാവസ്ഥയില്‍ അവിടെ നിന്ന ഏതാനും നിമിഷം, മണിക്കൂറുകളായി തോന്നിയതാണോ, ഇതൊന്നും നമുക്കറിഞ്ഞുകൂട. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിനൊരു വെളിപ്പാടുണ്ടായി, “താനന്വേഷിക്കുന്നതെന്താണോ അത് തന്‍റെയുള്ളില്‍ത്തന്നെയുണ്ട്,” പിന്നെ എന്തിനാണ് താനിത്ര കഷ്ടപ്പെടുന്നത് എന്നദ്ദേഹത്തിനു തോന്നി. പരിപൂര്‍ണവും ദൃഡതയുമുള്ള ഒരു ഇഛ്ചാശക്തിയാണ് വേണ്ടതെന്നു അദ്ദേഹത്തിനു ബോധ്യം വന്നു. അതെന്നില്‍ത്തന്നെയുണ്ട്, പിന്നെ എന്തിനാണ് ചുറ്റിലുമുള്ള സമസ്തലോകത്തില്‍ തിരയുന്നത്?’ ഈ തോന്നലുണ്ടായ അതേ നിമിഷംതന്നെ വിണ്ടും മൂന്നാലടികൂടി മുന്നോട്ടുവയ്ക്കാനുള്ള ഊര്‍ജ്ജം കൈവരിക്കാനും, നദിക്കരയും കടന്ന്‍, ഇന്ന് ലോകപ്രസിദ്ധമായിത്തീര്‍ന്ന ആ ബോധിവൃക്ഷച്ചുവട്ടില്‍ ഇരിയ്ക്കാനും കഴിഞ്ഞു.
ഇരുന്ന ഉടനെ ഉറച്ചതും തീവ്രമായതുമായ ഒരു തീരുമാനമെടുത്തു. പരമമായതും ആത്യന്തികവുമായ സത്യത്തിന്റെ നിതാന്തമായ പ്രകാശരശ്മികള്‍ എന്നില്‍ ഉടലെടുത്തില്ലെങ്കില്‍, ഒന്നുകില്‍ ഈശ്വരസാക്ഷാത്കാരം നേടുന്നവരേയ്കും ഞാന്‍ ഇവിടെനിന്നും ഇളകുകയില്ല, അല്ലെങ്കില്‍ ഈ ഇരുപ്പില്‍ത്തന്നെ ജീവത്യാഗം ചെയ്യും.ആ ഉറച്ച വിശ്വാസവും ദൃഢനിശ്ചയമായിരുന്നു അദ്ദേഹത്തിന്‍റെ ഈശ്വരസാക്ഷാത്കാരത്തിന് കാരണഭൂതനായത്. ഈ തീരുമാനം എടുത്തശേഷം അടുത്തനിമിഷത്തില്‍, മനസ്സിലെന്താണോ അദ്ദേഹം ഉദ്ദേശിച്ചത്, അതേ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്തു. ലക്ഷ്യം എന്താണോ അതുമാത്രം പ്രഥമവും പരമവും ആയിത്തീരുമ്പോള്‍ കേവലം ഒരുനിമിഷം മാത്രം മതിയാകും, ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍.

ശരീരത്തെ ശുദ്ധീകരിക്കാന്‍ ലളിതമായ അഞ്ചു രീതികള്‍

ഈ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഇവയുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌, ഭൂതശുദ്ധി. ശരീരത്തെ ഇടയ്ക്കിടെ ശുദ്ധീകരിക്കുക എന്നത്‌ അതിനെ വലിയ വലിയ സാധ്യതകളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമാണ്‌. സ്വാഭാവികമായ രീതിയില്‍ ശരീരത്തെ വിഷമുക്തമാക്കാന്‍ എപ്പോഴും കഴിയും. അത്‌ സ്വഭവനത്തില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കാനുള്ള ലളിതമായ രീതികള്‍ നിര്‍ദ്ദേശിക്കുകയും, അതോടൊപ്പം തന്നെ, എങ്ങിനെ ശരീരത്തെ നൈസര്‍ഗ്ഗികമായി വിഷമുക്തമാക്കാന്‍ കഴിയും എന്നു പരിശോധിക്കുകയുമാണ്‌ യോഗിയും മിസ്റ്റിക്കുമായ സദ്‌ഗുരു.
 സദ്‌ഗുരു :വാസ്‌തവത്തില്‍ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. പഞ്ചഭൂതനിര്‍മ്മിതമായ പാവഎന്നാണ്‌ ഭാരതീയര്‍ ശരീരത്തെക്കുറിച്ചു പറയാറ്‌. 72% ജലവും 12% ഭൂമിയും 6% വായുവും 4% അഗ്നിയും ബാക്കി ആകാശവും കൂടിച്ചേര്‍ന്നതാണീ ശരീരം. ഭൌതികതലത്തിന്റെ പരിമിതികളെ മറികടക്കാനും അതിന്നതീതമായ ഒരു മാനത്തിന്റെ സവിധത്തിലെത്താനും വേണ്ടുന്ന അടിസ്ഥാനപരമായ യോഗസാധനകളില്‍ ഒന്നാണ്‌ ഭൂതശുദ്ധി.
ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും നിങ്ങളുടെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. പഞ്ചഭൂതങ്ങളുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌ ഭൂതശുദ്ധി, ഭൌതികതലത്തില്‍ നിന്നു മുക്തമാവുക എന്നു സാരം. ഭൌതികതല പരിമിതികളെ മറികടക്കാനും അതിന്നതീതമായ മാനത്തിന്റെ സന്നിധിയിലെത്താനും വേണ്ടി അനുഷ്‌ഠിക്കുന്ന അടിസ്ഥാനയോഗസാധനയാണ്‌ ഭൂതശുദ്ധി.
സ്വാഭാവികമായി ഭൂതശുദ്ധി നടത്താവുന്ന ലളിതമായ ചില രീതികളുണ്ട്‌, ഇതത്ര ഉയര്‍ന്നതരം ഭൂതശുദ്ധിയല്ലെന്നു മാത്രം. എങ്കിലും ഇതിലൂടെ പഞ്ചഭൂതങ്ങളെ ഒട്ടൊക്കെ ശുദ്ധീകരിക്കാനാവും.
ജലം : പഞ്ചഭൂതങ്ങളില്‍വെച്ച്‌ ഏറ്റവും പ്രധാനം ജലമാണ്‌. ജലത്തിന്‌ കാര്യമായ ശ്രദ്ധ തന്നെ കൊടുക്കണം. കാരണം അതിന്റെ അനുപാതം 72% മാണ്‌, അതിന്‌ അപാരമായ ഓര്‍മശക്തിയുണ്ടുതാനും. വേപ്പിന്റെയോ തുളസിയുടേയോ ഇലകള്‍ ജലത്തില്‍ ഇട്ടുവയ്ക്കുക. ജലത്തിലെ രാസമാലിന്യങ്ങളെ ദൂരീകരിക്കാന്‍ ആ ഇലകള്‍ക്കു കഴിയില്ലെങ്കിലും, ഉന്മേഷവും ശക്തിയും നല്‍കുന്ന ഒരുവസ്‌തുവായി ജലത്തെ മാറ്റിയെടുക്കാന്‍ അവയ്ക്കു കഴിയും. വെള്ളം ചെമ്പു പാത്രത്തിലാക്കി വയ്ക്കുക എന്നതാണ്‌ മറ്റൊരു മാര്‍ഗ്ഗം. അപ്പോള്‍ ജലത്തിന്‌ ആ ലോഹത്തിന്റെ ഗുണങ്ങള്‍ കൂടി കൈവരും. അത്‌ ശരീരത്തിനു വളരെ പ്രയോജനപ്രദമാണ്‌.
ഭൂമി : ശരീരത്തില്‍ 12 ശതമാനമാണ്‌ ഭൂമി. ഭക്ഷണം എങ്ങിനെയാണ്‌ നിങ്ങളുടെ ഉള്ളിലേക്കു പോവുന്നത്‌, അത്‌ ആരുടെ കൈകളില്‍നിന്നാണ്‌ എത്തുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അത്‌ ഭക്ഷിക്കുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അതിനെ സമീപിക്കുന്നത്‌, ഈ ഘടകങ്ങളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. എല്ലാറ്റിനുമുപരി, നിങ്ങള്‍ ആഹരിക്കുന്ന ഭക്ഷണം ജീവനാണ്‌ എന്ന കാര്യം ഓര്‍മ്മിക്കുക. നമ്മെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ ത്യജിക്കുകയാണ് മറ്റു ജീവജാലങ്ങള്‍. നമ്മുടെ ജീവനെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ പരിത്യജിക്കുന്ന ആ ജീവജാലങ്ങളോടുള്ള കൃതജ്ഞത ഉള്ളില്‍തട്ടി ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഭക്ഷണം ശരീരത്തിലെത്തുമ്പോള്‍ വളരെ വ്യത്യസ്‌ത രീതിയിലാവും പ്രവര്‍ത്തിക്കുക.
വായു : വായുവിന്റെ അനുപാതം 6% മാണ്‌. അതില്‍ 1% മാത്രമാണ്‌ നിങ്ങളുടെ ശ്വാസം. ബാക്കി മറ്റു പലരീതികളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ശ്വസിക്കുന്ന വായുവല്ല, മറിച്ച്‌ ആ വായുവിനെ നിങ്ങള്‍ ഉള്ളില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയാണ്‌ നിങ്ങളില്‍ സ്വാധീനത ചെലുത്തുക. ശ്വസനം നടത്താനുള്ള ആ ഒരു ശതമാനത്തിന്റെ കാര്യത്തിലും നിശ്ചയമായും ശ്രദ്ധകാട്ടണം. എന്നാല്‍, നഗരവാസിയാണെങ്കില്‍ ഏതു തരം വായുവാണു ശ്വസിക്കുന്നത്‌ എന്ന കാര്യം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍, ഉദ്യാനത്തിലൂടെയോ തടാകക്കരയിലൂടെയോ നടക്കാന്‍ പോവുന്നത്‌ ശീലമാക്കുക.
പ്രത്യേകിച്ചും, നിങ്ങളുടെ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും അവരെ പുറത്തു കൊണ്ടു പോവുക എന്നതില്‍ ശ്രദ്ധ ചെലുത്തുക. അത്‌ സിനിമാതിയ്യറ്ററിലേക്കോ മറ്റോ ആവരുതെന്നുമാത്രം. കാരണം, ചലച്ചിത്രങ്ങളിലെ ശബ്‌ദങ്ങളും, വിചാരവികാരങ്ങളും, അവ കാഴ്‌ചക്കാരുടെ മനസ്സിലുളവാക്കുന്ന പ്രതിഫലനങ്ങളും, സിനിമാശാലകളുടെ ഇടുങ്ങിയ ഹാളിലെ വായുവിനെ സ്വാധീനിക്കും. സിനിമയ്ക്കു പോവുന്നതിനു പകരം മക്കളെ നദീതീരത്തേക്കോ മറ്റോ കൊണ്ടുപോവുക. അവരെ നീന്തല്‍ പഠിപ്പിക്കുകയോ മലകയറ്റം പരിശീലിപ്പിക്കുകയോ ചെയ്യുക. അതിനുവേണ്ടി അങ്ങ്‌ ഹിമാലയത്തിലേക്കൊന്നും ഇറങ്ങിത്തിരിക്കേണ്ട ആവശ്യമില്ല. കുട്ടിയെ സംബന്ധിച്ചിടത്തോളം ചെറിയൊരു കുന്നുപോലും പര്‍വ്വതത്തിനു തുല്യമാണ്‌, ഒരു പാറപ്പുറമായാലും വേണ്ടില്ല. അവരില്‍ ഒരാളായി നിങ്ങളും മലകയറുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യുക. അവരെ സംബന്ധിച്ചിടത്തോളം അത്യന്തം രസകരമായിരിക്കും അത്‌. അവരുടെ കായിക ശേഷി മെച്ചപ്പെടുകയും ചെയ്യും. ഒപ്പം നിങ്ങളുടെ കായികശേഷിയും മെച്ചപ്പെടും, നിങ്ങളുടെ മനസ്സും ശരീരവും വ്യത്യസ്‌തമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സര്‍വ്വോപരി, സ്രഷ്‌ടാവിന്റെ സൃഷ്‌ടിയോട്‌ സംസര്‍ഗ്ഗത്തിലാവുകയായിരിക്കും നിങ്ങള്‍. അതാണല്ലൊ ഏറ്റവും പ്രധാന സംഗതി.
അഗ്നി : ഉള്ളിലെരിയുന്നത്‌ ഏതുതരം അഗ്നിയാണെന്ന കാര്യത്തിലും നിങ്ങള്‍ക്ക്‌ ശ്രദ്ധ ചെലുത്താന്‍ കഴിയും. ദിവസവും കുറെ സമയം ശരീരത്തില്‍ സൂര്യപ്രകാശം പതിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. കാരണം, എപ്പോഴും പരിശുദ്ധമാണ്‌ സൂര്യപ്രകാശം. ഭാഗ്യവശാല്‍, അതിനെ മലിനമാക്കാന്‍ ആര്‍ക്കും കഴിയില്ല. ഏതു തരം അഗ്നിയാണ്‌ നിങ്ങളുടെ ഉളളിലെരിയുന്നത്‌? ദുരാഗ്നി (fire of greed) യാണോ? ദോഷാഗ്നി (fire of hatred) യാണോ? കോപാഗ്നിയാണോ? സ്‌നേഹാഗ്നിയാണോ? അതോ കരുണാഗ്നിയാണോ? ആ കാര്യത്തില്‍ ശ്രദ്ധ കൊടുത്തു കഴിഞ്ഞാല്‍ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തെക്കുറിച്ച്‌ ബേജാറാവേണ്ടി വരില്ല. കാരണം, അത്‌ പരിഹരിക്കപ്പെടുകയായി.
ആകാശം : സൃഷ്‌ടിയായിരിക്കുന്ന സംഗതിക്കും, സൃഷ്‌ടിസ്രോതസ്സായിരിക്കുന്ന സംഗതിക്കും ഇടയ്ക്ക്‌ വര്‍ത്തിക്കുന്ന തലമാണ്‌ ആകാശം. മറ്റു നാലു ഭൂതങ്ങളെ നന്നായി പരിപാലിച്ചാല്‍, ആകാശം സ്വയം പരിപാലിച്ചുകൊള്ളും. സ്വജീവിതത്തില്‍ ആകാശത്തിന്റെ സഹകരണം എങ്ങിനെ നേടിയെടുക്കാമെന്ന് അറിയാമെങ്കില്‍ അനുഗ്രഹീതമാവും നിങ്ങളുടെ ജീവിതം.

സപ്‌തചക്രങ്ങളും അവയുടെ ആന്തരാര്‍ത്ഥവും

സദ്ഗുരു : ഇപ്പോള്‍, എല്ലായിടത്തും ചക്രങ്ങളെക്കുറിച്ചുള്ള സംസാരമാണ് കേള്‍ക്കുന്നത്‌, പ്രത്യേകിച്ച്‌ പാശ്ചാത്യനാടുകളില്‍. പാശ്ചാത്യരാജ്യത്ത് എവിടെ ചെന്നാലും, നിങ്ങളുടെ ചക്രങ്ങളെ ചേരുംപടി ചേര്‍ത്തുതരികയും മറ്റും ചെയ്യുന്ന ചക്രവിന്യാസകേന്ദ്രങ്ങള്‍ (wheel alignment centers) കാണാം. യോഗ സ്റ്റുഡിയോയില്‍നിന്നു തുടങ്ങി സന്ധിരോഗചികിത്സയില്‍ വരെ, അടുത്തകാലത്ത്‌, ഏവരും ചര്‍ച്ച ചെയ്യുന്നത്‌ ചക്രങ്ങളെക്കുറിച്ചാണ്‌. ഒരു പുതുമോടിയായി മാറിക്കഴിഞ്ഞു ഈ വിഷയം. മനുഷ്യശരീരത്തില്‍ 114 ചക്രങ്ങളുണ്ട് വാസ്‌തവത്തില്‍, അതിലും അധികമാണ്‌ അവയുടെ എണ്ണം, എങ്കിലും പ്രധാന ചക്രങ്ങള്‍ ഇത്രയാണെന്നുമാത്രം. അവയെ 114 ജംഗ്‌ഷന്‍ബോക്‌സുകളെന്നോ നാഡീസംഗമങ്ങളെന്നോ വിശേഷിപ്പിക്കാം. ഒരു ദിശാകേന്ദ്രത്തില്‍ നിന്ന് വേറൊരു ദിശാകേന്ദ്രത്തിലേക്കുള്ള ചലനം വെളിപ്പെടുത്തിക്കൊണ്ട്‌ ഇവയെ ചക്രങ്ങളെന്നോ വൃത്തങ്ങളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. വാസ്‌തവത്തില്‍, ഈ സന്ധികള്‍ എല്ലായ്‌പ്പോഴും ത്രികോണാകൃതിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 114 ചക്രങ്ങളില്‍ രണ്ടെണ്ണം ഭൌതികശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്‌. അവശേഷിക്കുന്ന 112 ചക്രങ്ങളില്‍ 108 എണ്ണത്തിന്മേല്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ബാക്കി നാലെണ്ണം ആ പ്രക്രിയയിലൂടെ വികസിച്ചുവരുന്നുവെന്നുമാത്രം.
സൌരയൂഥത്തിന്‍റെ സൃഷ്‌ടിയില്‍ 108 എന്നത്‌ സാരവത്തായ സംഖ്യയായതുകൊണ്ടാണ്‌, മനുഷ്യന്‍റെ ശാരീരികവ്യവസ്ഥയില്‍ ഈ സംഖ്യ സ്‌പഷ്‌ടമായി കാണപ്പെടുന്നത്‌. സൂര്യന്‍റെ വ്യാസവും, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും 108ന്‍റെ ഗുണിതങ്ങളാണ്‌. ചന്ദ്രന്‍റെ വ്യാസവും ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലവും 108ന്‍റെ ഗുണിതം തന്നെ. അതുപോലെതന്നെ ഭൂമിയുടെ വ്യാസവും സൂര്യന്‍റെ വ്യാസവും 108ന്‍റെ ഗുണിതമാണ്‌. വിവിധ ആധ്യാത്മികസാധനകളില്‍ സാരഗര്‍ഭമായ സംഖ്യയായി 108നെ കരുതപ്പെട്ടിരിക്കുന്നത്‌ ഈ കാരണങ്ങള്‍ കൊണ്ടാണ്‌.
ഏഴു മൌലികചക്രങ്ങള്‍
ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയ്ക്കു സ്ഥിതിചെയ്യുന്ന മൂലാധാരം, ജനനേന്ദ്രിയത്തിനു തൊട്ടുമുകളില്‍ സ്ഥിതിചെയ്യുന്ന സ്വാധിഷ്‌ഠാനം, നാഭിക്കു തൊട്ടു താഴെയുള്ള മണിപൂരകം, വാരിയെല്ലിന്‍ കൂടുകള്‍ സന്ധിക്കുന്നതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന അനാഹതം, തൊണ്ടക്കുഴിയിലുള്ള വിശുദ്ധി, പുരികങ്ങള്‍ക്കിടയില്‍ വര്‍ത്തിക്കുന്ന ആജ്ഞ, ശിരസ്സിന്‍റെ മേല്‍ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം. (പിറന്നയുടനെ ശിശുവിന്‍റെ ശിരസ്സിന്‍മേല്‍ നേര്‍ത്തൊരു പാടുകാണും) ഇവയാണ്‌ ഏഴു മൌലിക ചക്രങ്ങള്‍.
താഴ്‌ന്നതും ഉയര്‍ന്നതുമായ ശക്തികേന്ദ്രങ്ങള്‍ എന്നൊക്കെ നമുക്കു ചര്‍ച്ച ചെയ്യാനാവും, പക്ഷേ അത്തരം ഭാഷ വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയെ അടിത്തറയോടു താരതമ്യപ്പെടുത്തി നോക്കുന്നതു പോലെയാണത്‌. അടിത്തറയേക്കാള്‍ ഉല്‍കൃഷ്‌ടം മേല്‍ക്കൂരയാണോ? കെട്ടിടത്തിന്‍റെ ആധാരം എന്ന വിശേഷണത്തിന്‌ കൂടുതല്‍ യോഗ്യത അടിത്തറയ്ക്കു തന്നെ. കെട്ടിടത്തിന്‍റെ ഗുണനിലവാരവും, ആയുസ്സും, ഉറപ്പും, സുരക്ഷിതത്വവും വലിയ പരിധിവരെ നിര്‍ണ്ണയിക്കുന്നത്‌ അതിന്‍റെ അടിത്തറയാണ്‌, മേല്‍ക്കൂരയല്ല, പക്ഷേ, ഭാഷാപ്രയോഗത്തിന്‍റെ തലത്തില്‍ വരുമ്പോള്‍ മേല്‍ക്കൂര ഉയര്‍ന്നതും അടിത്തറ താഴ്‌ന്നതുമാണ്‌.
നിങ്ങളുടെ ഊര്‍ജം പ്രബലമായി നില്‍ക്കുന്നത്‌ മൂലാധാരത്തിലാണെങ്കില്‍ സ്വന്തം ജീവിതത്തില്‍ പ്രബലമായ കാര്യങ്ങള്‍ ഭക്ഷണവും നിദ്രയുമായിരിക്കും. ഒന്നിലധികം മാനങ്ങളുണ്ട്‌ ഈ ചക്രങ്ങള്‍ക്ക്‌. ഒന്ന് ഭൌതികാത്മികമാണ്‌, അതേസമയം, അവയ്ക്ക്‌ ആധ്യാത്മികമാനം കൂടിയുണ്ട്‌. അതുകൊണ്ടുതന്നെ, അവയെ പാടേ പരിവര്‍ത്തന വിധേയമാക്കാനാവുമെന്ന് സാരം. ഉദാഹരണമായി ഭക്ഷണവും നിദ്രയും കാംക്ഷിക്കുന്ന അതേ മൂലാധാരത്തിന്‌ ആഗ്രഹങ്ങളില്‍ നിന്ന് പാടേ മുക്തമാകുവാനും കഴിയും പൂര്‍ണമായ അവബോധമുണ്ടായാല്‍.
ക്ഷേത്രങ്ങള്‍
ഈ ചക്രങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പംതന്നെ, അവ നിഗൂഡമായൊരു രീതിയില്‍ വ്യക്തമാകുന്നുമുണ്ട്‌. ചക്രങ്ങളുടെ ഈ സ്‌പഷ്‌ടീകരണത്തേയാണ്‌(manifestation) ക്ഷേത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം, ഒരാള്‍ അധിവസിക്കുന്ന ഇടം എന്നതാണ്‌. ഇപ്പോള്‍, നിങ്ങള്‍ ഇവിടെയായിരിക്കാം, എന്നാല്‍ നിങ്ങളുടെ സ്ഥിരതാമസം മറ്റെവിടെയോ ആണ്‌. അതുപോലെത്തന്നെ ബാഹ്യക്ഷേത്രങ്ങളും അന്തര്‍ക്ഷേത്രങ്ങളുമുണ്ട്‌ ഭവനങ്ങളു൦, ഒഴിവുദിനഭവനങ്ങളും എന്നതുപോലെ
വീട്ടിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു വിധത്തിലായിരിക്കും പെരുമാറുക, അപ്പോള്‍ ലൌകിക കാര്യങ്ങള്‍ക്കാവും നിങ്ങളുടെ സമയത്തിനും ജീവിതത്തിനും മുന്‍തൂക്കം. എന്നാല്‍ ഒഴിവുദിന ഭവനത്തിലെത്തിയാല്‍ ലൌകിക കാര്യങ്ങള്‍ നിങ്ങളുടെ സത്തയെ അങ്ങനെ അപഹരിക്കില്ല, കുറെക്കൂടി ചൈതന്യവത്തായ നിലനില്‍പാണിത്‌.
പര്‍വ്വതപ്രദേശങ്ങളിലെ താമസം കൂടുതല്‍ ചൈതന്യവത്തായ അസ്‌തിത്വമായിരിക്കുമെന്നാണ്‌ വയ്‌പ്‌, അത്‌ ശരീരത്തെ ക്ലേശിപ്പിക്കുന്നതാണെങ്കില്‍ക്കൂടി. സ്വഗൃഹത്തിലെ വാസംതന്നെയാണ് ഏതുവിധേനയും കുറച്ചുകൂടി സ്വസ്ഥമായിട്ടുള്ളത്‌. പലരും ലൌകികതയെല്ലാം വിട്ടെറിഞ്ഞിട്ടും, സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത്‌ അത്‌ അനായാസമായതുകൊണ്ടു മാത്രമാണ്‌, സുഖസൌകര്യങ്ങള്‍ക്കു വേണ്ടിയല്ല. അതേ സമയം, സ്വന്തം വീട്ടില്‍നിന്നും അകലെയായിരിക്കുമ്പോഴും, മറ്റൊരു ഗൃഹാന്തരീക്ഷം തേടിപ്പോകുവാന്‍ കാരണം, അപ്പോഴും വീടിന്‍റ സുഖസൌകര്യങ്ങള്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടുതന്നെ. നേരെമറിച്ച്, സ്വഗൃഹത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതേസമയം കൂടുതല്‍ ചൈതന്യവത്തായ ഒരസ്‌തിത്വം വേണം താനും, അങ്ങിനെയൊരവസ്ഥ വരുമ്പോളാണ് ഒരു വ്യക്തി ആശ്രമം പോലെയുള്ളയിടങ്ങള്‍ തേടിപ്പോകുന്നത്. അതിനൊക്കെ വേണ്ടിത്തന്നെയാണ്‌ നിങ്ങളുടെ തന്നെയുള്ളിലുള്ള അന്തര്‍ക്ഷേത്രം നിങ്ങള്‍ക്കായി ഈശ്വരന്‍ ഒരുക്കിവച്ചിരിക്കുന്നതെന്നകാര്യം ഒരുപക്ഷേ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍, ലൌകീകതയില്‍ വലിയ താല്‍പര്യമൊന്നുമില്ലാതെ അന്തര്‍ക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തില്‍ കഴിയാം, അതു ലൌകികം. എപ്പോള്‍ വീട്ടിലേക്കു ( ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുന്വോള്‍ തിരികെ നടക്കാം.
രണ്ടാമത്തെ ചക്രമാണ്‌ സ്വാധിഷ്‌ഠാനം. ഊര്‍ജം പ്രബലമാവുന്നത്‌ സ്വാധിഷ്‌ഠാനത്തിലാണെങ്കില്‍ സുഖങ്ങള്‍ക്കാവും ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുക, നിങ്ങള്‍ സുഖങ്ങളെ തേടിപ്പോവും. ശരീരത്തിന്‍റ യാഥാര്‍ത്ഥ്യത്തെ പല രീതിയില്‍ ആസ്വദിക്കാനാഗ്രഹിക്കും . ഊര്‍ജം പ്രബലമാവുന്നത്‌ മണിപൂരകത്തിലാണെങ്കില്‍ കര്‍മ്മനിരതനാവും, ഈ ലോകത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. ഊര്‍ജം അനാഹത ചക്രത്തെ കേന്ദ്രീകരിച്ചാണ്‌ നില്‍ക്കുന്നതെങ്കില്‍ എന്തും പരിത്യജിക്കാന്‍ തയ്യാറായ വ്യക്തിയായിത്തീരും. ഊര്‍ജം വിശുദ്ധി ചക്രത്തില്‍ പ്രബലമാവുമ്പോള്‍ കരുത്തനായി മാറുന്നു. ഊര്‍ജം പ്രബലമാവുന്നത്‌ ആജ്ഞയിലാണെങ്കില്‍, അഥവാ, ആജ്ഞയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബുദ്ധിതലത്തില്‍ സാക്ഷാത്കാരം നേടിക്കഴിഞ്ഞു. ആ ബൌദ്ധികസാക്ഷാത്‌കാരം ശാന്തി പകര്‍ന്നുതരും, അനുഭവതലത്തില്‍ അക്കാര്യം ഇനിയും സംഭവിച്ചിട്ടില്ലെന്നുമാത്രം. ബൌദ്ധികസാക്ഷാത്കാരം കൈവന്നു കഴിഞ്ഞാല്‍, ബാഹ്യസംഭവങ്ങളൊന്നും ഏശാത്തവിധം, ഉള്ളില്‍ ശാന്തിയുടെയും സ്വൈര്യത്തിന്‍റേയും സ്‌ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ടാവും. ഊര്‍ജം സഹസ്രാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ചമാതിരി ഒരുതരം ഹര്‍ഷോന്മാദത്തിലായിരിക്കും. ബാഹ്യപ്രചോദനങ്ങളൊന്നും ഉണ്ടാവില്ല, ഒരു കാരണവുമില്ലാതെ നിങ്ങള്‍ ഉന്മാദലഹരിയിലായിത്തീരും ശക്തികള്‍ മൂര്‍ധന്യത്തില്‍ എത്തിയതുതന്നെ കാരണം.
മൌലികമായി, ഏതു ആധ്യാത്മീകരീതിയും മൂലാധാരത്തില്‍നിന്നും സഹസ്രാരത്തിലേക്കുള്ള യാത്രയാണെന്നു പറയാം. ഇത്‌ ഒരു ദിശയില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമമാണ്‌. തീവ്രശ്രദ്ധയുടെ ഏഴു വ്യത്യസ്‌തവിതാനങ്ങള്‍ മാത്രമാണിവ. ശക്തികളെ മൂലാധാരത്തില്‍നിന്ന് ആജ്ഞയിലേക്ക്‌ എത്തിക്കാന്‍ നിരവധി ആധ്യാത്മികപ്രക്രിയകളും വഴികളുമുണ്ട്‌. പക്ഷേ ആജ്ഞയില്‍ നിന്നു സഹസ്രാരത്തിലെത്താന്‍ ഒരു വഴിയുമില്ല, കൃത്യമായൊരു വഴിയുമില്ല അതിന്‌ നാം എടുത്തു ചാടുകയോ അടികാണാക്കുണ്ടിലേക്ക്‌ പതിക്കുക്കയോ ചെയ്യണം. ഇതാണ്‌ മേലേക്കുള്ള പതനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. മേലേക്ക്‌ പതിക്കാന്‍ (to fall upward) തയ്യാറല്ലെങ്കില്‍ അവിടെയെത്താന്‍ സാധ്യതയില്ല എന്നാണ്‌ യോഗമാര്‍ഗ്ഗം പറയുന്നത്‌.
അതുകൊണ്ടാണ്‌ ആധ്യാത്മികരെന്നു വിളിക്കപ്പെടുന്ന പലരും ശാന്തിയാണ്‌ ഏറ്റവും ഉയര്‍ന്ന സാധ്യത എന്ന നിഗമനത്തിലെത്തിയിട്ടുള്ളത്‌. അവര്‍ ആജ്ഞാചക്രത്തില്‍ കുടുങ്ങി നില്‍ക്കുകയാണെന്നതുതന്നെ കാരണം. ശാന്തിയല്ല ഉന്നത സാധ്യത, അതിനപ്പുറവും സാധ്യതകളുണ്ട്‌. അത്യുന്നതത്തിലുള്ള ആനന്ദലഹരിയിലെത്താനാകാന്‍ കഴിയണം, നിങ്ങളുടെ ധാരണയിലും അനുഭവത്തിലും ലോകം മുഴുവന്‍ വലിയൊരു തമാശയായി മാറുംവിധം ആഹ്‌ളാദത്തിമിര്‍പ്പിലെത്താന്‍ കഴിയണം. അപ്പോള്‍ എല്ലാവരും വലിയ ഗൌരവത്തോടെ കാണുന്ന കാര്യങ്ങളെല്ലാം നിങ്ങളെ സംബന്ധിച്ചിടത്തോളം വെറും തമാശയായിത്തീര്‍ന്നിരിക്കും.
ആളുകള്‍ ആജ്ഞയില്‍ എത്തിയിട്ട്‌ അടുത്തയൊരു കടമ്പ കടന്നുകിട്ടാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വേണ്ടിമാത്രം ഏറെക്കാലം അവിടെത്തന്നെ നിന്നുപോവുന്നു. ആധ്യാത്മിക പാരമ്പര്യങ്ങളില്‍ ഗുരുശിഷ്യബന്ധത്തിന്‌ എപ്പോഴും ഏറെ ഊന്നല്‍ നല്‍കിപ്പോന്നത്‌ അതുകൊണ്ടാണ്‌, ഗുരുവില്‍ ഗാഢവിശ്വാസമില്ലാതെ, ഗുരുവില്‍ സമര്‍പ്പണബോധമില്ലാതെ, ഈ കടമ്പ ചാടിക്കടക്കാനാവില്ല. 90% ആളുകള്‍ക്കും ഈ സമര്‍പ്പണബോധം കൂടിയേതീരു. അല്ലാതെ ആജ്ഞാചക്രത്തിനപ്പുറത്തേക്കു പോകാനാവില്ല. അതുകൊണ്ടാണ്‌ ഈ ബന്ധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌. ഗുരുവില്‍ ദൃഢവിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറുപുറം കാണാനാവില്ല

അദ്ധ്യാത്മികത എന്നാല്‍ എന്താണ്?

സദ്‌ഗുരു :- ആദ്ധ്യാത്മികത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശേഷിച്ച് ഏതെങ്കിലും ഒരു സാധനയെയല്ല. അത് മനസ്സിന്റെ ഒരവസ്ഥയാണ്. അവിടേക്കെത്തണമെങ്കില്‍ വഴികള്‍ ചിലത് താണ്ടേണ്ടിയിരിക്കുന്നു. നിങ്ങളുടെ വീട്ടുമുറ്റത്തുള്ള പൂന്തോട്ടം പോലെയാണത്. മണ്ണും വെള്ളവും വെളിച്ചവും വേണ്ടതുപോലെ ലഭിക്കുന്നില്ലെങ്കില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയുമില്ല. അതിനാവശ്യമായ പരിചരണം നിങ്ങള്‍ നല്‍കുക തന്നെ വേണം. അതുപോലെ സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും. അതുതന്നെയാണ് അദ്ധ്യാത്മികത. നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.
അത്ഭുതകരവും അപ്രതീക്ഷിതവുമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഈശ്വര ലീലയായിനമ്മള്‍ അതിനെ കാണുന്നു. നമ്മുടെ ഈശര സങ്കല്പം അതിലൊതുങ്ങുന്നു. അവനവനെക്കാള്‍ വലുതായ ഒന്ന്, അത് ഒരു വ്യക്തിയോ, അനുഭവമോ, പ്രകൃതിയിലെ ഒരു പ്രതിഭാസമോ ആകാം. എന്നാല്‍ അതാണോ അദ്ധ്യാത്മികത? അല്ലേ അല്ല, അത് ജീവിതം മാത്രമാണ് ജീവിതം മാത്രം എന്ന് ഞാന്‍ പറയുന്നത് അതിനെ നിസ്സാരമാക്കികൊണ്ടല്ല. തീര്‍ച്ചയായും ജീവിതം മഹത്തായ ഒരു പ്രതിഭാസം തന്നെയാണ്. ജീവിതം സ്വന്തം സങ്കല്പത്തേക്കാള്‍ അതിശയകരവും, പ്രബലവും, ആനന്ദ നിര്‍ഭരവുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായും അവിദിതമായതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു, “ആരായിരിക്കും ഇതെല്ലാം സൃഷ്ടിച്ചിരിക്കുക?”
സൃഷ്ടിയുടെ മൂലം എവിടെ എന്ന അന്വേഷണം നിങ്ങളെ നയിക്കുക നിങ്ങളിലേക്ക് തന്നെയാണ്, കാരണം നിങ്ങള്‍ ഏറ്റവും അടുത്തറിയുന്ന സൃഷ്ടി സ്വന്തം ശരീരമാണല്ലോ. അവിടെ നിങ്ങളുടെ ഉള്ളില്‍ ഒരു സ്രഷ്ടാവ് തടവുകാരനായി കഴിയുന്നുണ്ട്. അവനെ നിങ്ങള്‍ കാണാതെ പോകുരുത്. അതിന് നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ സൃഷ്ടിയുടെ സ്രോതസ്സ് അവനവന്റെ ഉള്ളില്‍ കണ്ടെത്താനായെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ അദ്ധ്യാത്മികതയിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു എന്നാണ്.
ഈശ്വര വിശ്വാസമാണോ അദ്ധ്യാത്മികത ?
ഒരു നിരീശ്വരവാദിക്ക് ആത്മീയ ചിന്ത സാധ്യമല്ല. അതുപോലെ ഒരു ഈശ്വരവിശ്വാസി ആത്മീയവാദിയായിക്കൊള്ളണമെന്നുമില്ല. ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു വിഷയത്തിലാണ്‌ രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്. കാര്യം അറിയില്ല എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം രണ്ടുപേര്‍ക്കുമില്ല, അതാണ്‌ അവരുടെ പ്രശ്നം. തങ്ങള്‍ വ്യത്യസ്തരാണെന്ന് കാണിക്കാന്‍ രണ്ടു പേരും ഒരഭിനയം നടത്തുന്നു. ഒരു ആത്മീയാന്വേഷകന്‍ നിരീശ്വരവാദിയല്ല, ഈശ്വരവാദിയുമല്ല. തനിക്ക് സത്യമറിയില്ല എന്ന് അയാള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു.
എന്തിലെങ്കിലും ദൃഡമായി വിശ്വസിക്കുവാന്‍ തുടങ്ങുന്ന നിമിഷം മറ്റുള്ളതെല്ലാം തന്നെ നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറയുന്നു. ഈ ഭൂമിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം നന്മ തിന്മകള്‍ തമ്മിലുള്ള മത്സരമല്ല, അത് വെറുതെ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്. വാസ്തവത്തിലുള്ള പോരാട്ടം രണ്ടു വ്യക്തികളുടെ അല്ലെങ്കില്‍ സമൂഹങ്ങളുടെ വിശ്വാസങ്ങള്‍ തമ്മിലാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു വിശ്വാസം ഓരോ വ്യക്തിക്കും വേണമെന്നുള്ളത് അയാളുടെ വൈകാരികമായ ആവശ്യമാണ്‌, അദ്ധ്യാത്മീകമായിട്ടുള്ളതല്ല. എന്തിലെങ്കിലും ബലമായി പിടിച്ചുനില്‍ക്കാന്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നു. എല്ലാം അറിയാമെന്ന ഒരു തോന്നല്‍, താന്‍ സുരക്ഷിതനാണെന്ന് ഒരുറപ്പ്, ഇതെല്ലാമാണ് വിശ്വാസത്തിന്റെ ഫലമായി കിട്ടുന്നത്. അത് അപക്വമായ ഒരു മനസ്സിന്റെ സങ്കല്പമാണ്. ഈ പ്രപഞ്ചത്തെ കുറിച്ച് ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് യാതൊന്നും തന്നെ അറിഞ്ഞുകൂട. ഒന്നും അറിയില്ല എന്ന സത്യം മനസ്സിലാക്കിയാല്‍, അറിയാന്‍ ഒരു ശ്രമമെങ്കിലും നടത്താം. അങ്ങനെ മനസ്സിനെ സുന്ദരവും സന്തുഷ്ടവുമാക്കാന്‍ പ്രയത്നിക്കാം. പക്ഷെ അത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം.
അദ്ധ്യാത്മീകമായ അനുഭവം എന്നാല്‍ എന്താണ്?
ഒരു സമുദ്രത്തിന്റെ സമീപത്തുനിന്ന് അതിന്റെ ഗാംഭീര്യം ആസ്വദിക്കുക, ഒരു പര്‍വതത്തിന്റെ അരികെ നിന്ന് അതിന്റെ ഔന്നത്യം കണ്ട് ആശ്ചര്യപ്പെടുക, ഇതെല്ലാം വളരെ നല്ല അനുഭവങ്ങള്‍ തന്നെ. ലോകത്തിനെ അതിന്റെ മട്ടില്‍ കണ്ട് ആസ്വദിക്കാന്‍ നമ്മള്‍ ശീലിക്കണം. ഒരു കാര്യം നാം മനസ്സിലാക്കണം, സമുദ്രം ഒരു ആദ്ധ്യാത്മീക അനുഭവമായി അതിലുള്ള മത്സ്യത്തിന് തോന്നുന്നില്ല, മലയാടുകളെ സംബന്ധിച്ചിടത്തോളം ആ മലകളും ഒരു ആദ്ധ്യാത്മീക അനുഭവമല്ല. കാരണം അവര്‍ക്കത് ഒരത്ഭുതമല്ല. അവ സദാ കഴിയുന്നത്‌ അവിടെയാണ്. മീനുകളെയും മലയാടുകളെയും നഗരത്തില്‍ കൊണ്ടുവന്നാല്‍ അതവര്‍ക്ക് ഒരു ആദ്ധ്യാത്മീക അനുഭവമാകും, കാരണം നഗരം അവയെ സംബന്ധിച്ചിടത്തോളം അഞ്ജാതവും അതിശയകരവുമാണ്.
യഥാര്‍ത്ഥ അദ്ധ്യാത്മീക അനുഭവം എന്ന് പറഞ്ഞാല്‍ അവിടെ മനസ്സിന്റെ അകത്തുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. നിങ്ങള്‍ ചെറിയൊരു തോടിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ ആ തോട് പൊട്ടിച്ച്, കൂടുതല്‍ വലിയ ഒരു തോടിനുള്ളിലായിരിക്കുന്നു. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ചെറുതായാലും വലുതായാലും ഒരു തോടിനുള്ളില്‍ നിങ്ങള്‍ കുടുങ്ങി കിടക്കുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ്.
നിങ്ങള്‍ എല്ലാ അതിര്‍വരമ്പുകളേയും മറികടക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഭൌതികമായ രീതിയില്‍ ഘട്ടം ഘട്ടമായി നിങ്ങള്‍ അതിന് ശ്രമിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലെണ്ണി അനന്തതയില്‍ എത്തിച്ചേരാമെന്നു കരുതുന്നുണ്ടോ? അത് ഒരിക്കലും തീരാത്ത ഒരെണ്ണല്‍ മാത്രമായി തുടര്‍ന്നുപോകും. അതല്ല ശരിയായ രീതി. ഭൌതീക വഴികളിലൂടെ ഒരിക്കലും അനന്ത പ്രകൃതി അനുഭവിക്കാനാവില്ല. ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് അനന്തതയില്‍ എത്തിച്ചേരാനാണ്. ഒരു മനുഷ്യന് മൂന്നു ദിവസം അവനിഷ്ടമുള്ളതെല്ലാം കൊടുത്തുനോക്കൂ. അവന് സന്തോഷമാകും. എന്നാല്‍ നാലാം ദിവസം കാണാം, പുതിയതായ ഒന്നിന് വേണ്ടി അവന്‍ വെമ്പുന്നത്. ചിലര്‍ അതിനെ അത്യാഗ്രഹമെന്ന് വിശേഷിപ്പിക്കും, എന്നാല്‍ ഞാന്‍ പറയുക, അത് ജീവിതത്തിന്റെ തെറ്റായ ദിശയിലേക്കുള്ള നീക്കമാണ് എന്നാണ്. അനന്ത പ്രകൃതിയെ തൊട്ടറിയാനാണ് നിങ്ങളുടെ ശ്രമം എങ്കില്‍, നിങ്ങള്‍ ആദ്യം അറിയേണ്ടത് ഭൌതികതയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയാണ്. അത് ജീവിതത്തില്‍ പലപ്പോഴായി നിങ്ങള്‍ അറിഞ്ഞിട്ടുണ്ട് സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്. ആ അനുഭവം തെളിവാര്‍ന്ന ബോധമായി മാറ്റണം, അത് മനസ്സില്‍ മങ്ങാതെ നിലനില്‍ക്കണം.
സര്‍വതിനെയും ഭേദചിന്തയില്ലാതെ കാണുക, ഉള്‍ക്കൊള്ളുക. പ്രകൃതിയില്‍ ഒന്ന് നല്ലത്, വേറൊന്നു ചീത്ത എന്നില്ല. മരമായാലും മേഘമായാലും മനുഷ്യനായാലും പ്രകൃതിയില്‍ വകഭേദമില്ല. സ്വന്തം ശരീരത്തെ , ശ്വാസത്തെ എങ്ങനെ സമീപിക്കുന്നുവോ അതേ മനസ്ഥിതിയോടെ എല്ലാറ്റിനെയും സമീപിക്കുക. ജീവിതത്തിലെ സമസ്ത ഭാവങ്ങളെയും, പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഭേദചിന്തയില്ലാതെ കാണാനാവുക. അത് തന്നെയാണ് അദ്ധ്യത്മീകത. അത് ഒരാള്‍ ഇനിയോരാള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതല്ല. ഓരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണ്.
സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്

ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് അനന്തതയില്‍ എത്തിച്ചേരാനാണ്. ഒരു മനുഷ്യന് മൂന്നു ദിവസം അവനിഷ്ടമുള്ളതെല്ലാം കൊടുത്തുനോക്കൂ, അവന് സന്തോഷമാകും. എന്നാല്‍ നാലാം ദിവസം കാണാം, പുതിയതായ ഒന്നിന് വേണ്ടി അവന്‍ വെമ്പുന്നത്