Friday, 16 March 2012

പൂതപ്പാട്ടുകള്‍

കാറ്റിനോടും കാടിനോടും പൂക്കളോടും പുഴകളോടും പുഞ്ചിരിച്ചും കൊഞ്ചിയും കാട്ടുപാതയിലൂടെ ഉണ്ണി കളരിയിലേക്ക് നടന്നു. നെറ്റിയിലേക്ക് വീണുകിടന്ന അവന്‍റെ കറുത്ത മുടിയിഴകളും കണ്ണുകളില്‍ തിളങ്ങിയിരുന്നനിഷ്കളങ്കതയും മാറില്‍ ചേര്‍ത്ത് പിടിച്ചിരുന്ന എഴുത്തോലും ആണിയും പനമുകളില്‍ മുടികോതിക്കൊണ്ടിരുന്ന പൂതം കണ്ടു. പിന്നെ ഊണിലും ഉറക്കത്തിലും പൂതത്തിന്‍റെ സ്വാസ്ഥ്യം കെടുത്തി ഉണ്ണി പുഞ്ചിരിച്ചു. കിനാവുകളില്‍ കല്ലുകളും മുള്ളുകളും ചവുട്ടി അവന്‍റെ ചെറിയ പാദങ്ങള്‍ ചുവന്നപ്പോള്‍ പൂതത്തിനു നൊന്തു. പൂക്കള്‍ക്കും പുഴകള്‍ക്കും കാറ്റിനും കാടിനുമൊപ്പം ഉണ്ണിയുടെ ഉന്മേഷം നിറഞ്ഞ ചിന്തകളില്‍ കടന്നുകൂടാന്‍ പൂതം വല്ലാതെ കൊതിച്ചു. അങ്ങനെ പനമുകളിലെ പൂതം തന്‍റെ ഘോരങ്ങളായ ദംഷ്ട്രങ്ങളും ചോരച്ച കണ്ണുകളും മറച്ച് മനോഹരിയായ ഒരു ചെറിയ പെണ്കൊടിയായി കാട്ടുപാതയുടെ ഓരത്ത് മുല്ലപ്പൂ പെറുക്കി നിന്നു.

കീ ബോര്‍ഡില്‍ യന്തൃകതയോടെ വിരലുകള്‍ ചലിപ്പിച്ചും മോനിടറില്‍ ഉറ്റു നോക്കിയുമിരിക്കുംപോള്‍ തൊട്ടടുത്ത കസേരയില്‍ ഒരു ഇളം കാറ്റുപോലെ അവള്‍ വന്നിരുന്നത് അവനറിഞ്ഞില്ല. അവന്‍റെ മുഖത്ത് തെളിഞ്ഞു നിന്ന അര്‍പ്പണ മനോഭാവത്തിലേക്ക് ഏറെ നേരം അവള്‍ കൌതുകത്തോടെ നോക്കിയിരുന്നു. പിന്നെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞും മാഞ്ഞുമിരുന്ന അവന്‍റെ പരീക്ഷണ ഫലങ്ങളിലേക്ക് മുഖം തിരിച്ചുകൊണ്ട് അവള്‍ മൃദുവായിപ്പറഞ്ഞു. "ഇന്ന് അഞ്ചേകാലിന്‍റെ വണ്ടിയില്‍ നിന്‍റെയൊപ്പം ഞാന്‍ കൂടി വരുന്നു."

ധൃതിയില്‍ ചലിക്കുകയായിരുന്ന അവന്‍റെ വിരലുകള്‍ പൊടുന്നനെ നിശ്ചലങ്ങളായി. അവള്‍ സമീപത്തിരിക്കുന്നുവെന്ന അറിവില്‍ അവന്‍ അസ്വസ്ഥനായി. ബുദ്ധിയും ഏകാഗ്രതയും പതറി. കമ്പ്യൂട്ടര്‍ ലാബിന്‍റെ കണ്ണാടി ഭിത്തികള്‍ക്കുള്ളില്‍ മൌനം ശീതികരിക്കപ്പെട്ടു കിടന്നു.

ഗ്രാമത്തിലേക്ക് അവനു പോകാനുള്ള വണ്ടി പട്ടണത്തില്‍നിന്നും തിരിക്കാറുള്ളത് അഞ്ചേകാലിനായിരുന്നുവെന്നവള്‍ക്കറിയാമായിരുന്നു. വയലുകള്‍ക്കിടയിലൂടെ തെളിഞ്ഞും റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ മങ്ങിയും നീണ്ടും വളഞ്ഞും കിടന്ന വീതികുറഞ്ഞ പാതയിലൂടെ പൊടി പറത്തിയോടിയും കൊച്ചു കൊച്ചു കവലകളുടെ ദുര്‍ബലങ്ങളായ തിരക്കുകളിലും നാട്ടുവര്‍ത്തമാനങ്ങളിലും കുറച്ചൊന്നു തങ്ങിയും തുടര്‍ന്നും അഞ്ചേകാലിന്‍റെ വണ്ടി അവനെ പട്ടണത്തിന്‍റെ പാപങ്ങളില്‍ നിന്നും ഗ്രാമത്തിന്‍റെ ശുദ്ധ വായുവിലേക്ക് ദിവസവും കൊണ്ടുചെന്നിറക്കി. അവനെ അസ്വസ്ഥപ്പെടുത്തുവാന്‍ പോരുന്നൊരു കുസൃതിച്ചിരിയും ചുണ്ടില്‍ തിരുകി അഞ്ചേകാലിന്‍റെ വണ്ടിയില്‍ അവളും പലപ്പോഴും കയറി. പ്രായത്തില്‍ അവള്‍ തന്നെക്കാള്‍ മുതിര്‍ന്നവളായിരുന്നുവെന്നും അവളുടെ വീട് അഞ്ചേകാലിന്‍റെ വണ്ടി യോടുന്ന വഴിയിലെങ്ങും ആയിരുന്നില്ലെന്നും അവനു ബോധ്യമുണ്ടായിരുന്നു. അസാധാരണ മായതെന്തോ കണ്ടിട്ടെന്നത് പോലെ ഏറെ നേരം അവള്‍ തന്‍റെ കണ്ണുകളിലും ചുണ്ടുകളിലും നോക്കിയിരിക്കാറുള്ളത് എന്നും അവന്‍റെ ഉറക്കം കെടുത്തിയിരുന്നു.
വണ്ടിയെത്താന്‍ ഒരുനിമിഷം വൈകിയാല്‍ വേവലാതി പൂണ്ട കണ്ണുകള്‍ വഴിയില്‍ നട്ട് ഉമ്മറത്ത്‌ നില്‍ക്കാറുള്ള അമ്മയ്ക്കും ടോര്‍ച്ചുമായി വന്നു പീടിക ത്തിണ്ണയിലെ ബെഞ്ചില്‍ ബീടിപുകച്ചിരിക്കാറുള്ള അച്ഛനും അവന്‍ അപ്പോഴും പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയായിരുന്നു.

പലപ്പോഴും പലയിടങ്ങളില്‍ വണ്ടി യിറങ്ങി അഞ്ചേകാലിന്‍റെ വണ്ടി പോയ വഴിയിലേക്ക് കുസൃതിച്ചിരിയുമായി നോക്കിനില്‍ക്കാറുള്ള അവള്‍ ഒരിക്കല്‍ തന്‍റെ ഗ്രാമത്തില്‍ വണ്ടിയിറങ്ങുന്നതോര്‍ത്ത് പൊടുന്നനെ അവന്‍ ചോദിച്ചു. " നീ എവിടെക്കാണ്‌? നിന്‍റെ വീട് ആ വഴിക്കെങ്ങുമല്ലല്ലോ !"‌
കണ്ണുകളും മനസ്സും അവനില്‍ സമര്‍പ്പിച്ചു ധ്യാനത്തിലെന്ന പോലെയിരിക്കവേ ചോദ്യം അവള്‍ കേട്ടതായി തോന്നിയില്ല. അവന്‍റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പു കണങ്ങളേയും കണ്ണുകളിലെ അമ്പരപ്പിനെയും ഹൃദയത്തുടിപ്പിന്‍റെ ദ്രുതതാളങ്ങളെയും അവള്‍ക്കു ഇഷ്ടമായിരുന്നു. അവളുടെ പിറവി ആദിയിലെവിടെയോ ആയിരുന്നുവെന്നും ഓരോ കാലങ്ങളിലും അവള്‍ക്കു കൌമാരങ്ങളെ പിന്തുടരേണ്ടിയിരുന്നുവെന്നും അവനറിയില്ലായിരുന്നു.
"അഞ്ചേകാലിന്‍റെ വണ്ടിയില്‍ നിനക്കിന്നു എവിടെക്കാണ്‌ പോകാനുള്ളതെന്ന് പറയൂ." അക്ഷമയുടെ ശബ്ദത്തില്‍ അവന്‍ ചോദ്യമാവര്‍തിച്ചപ്പോള്‍ അവന്‍റെ കൃഷ്ണ മണികളിലൂടെ ആഴങ്ങളിലെവിടെക്കോ നോക്കിയിരുന്നു വിദൂരതയില്‍ നിന്നെങ്ങോ വന്നൊരു ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
" ഞാന്‍ നിന്നിലേക്കാണ്".
പിന്നെ പെണ്‍ കൊടിയായ പൂതം പൂ പെറുക്കിയും പാട്ടുപാടിയും ഉണ്ണിയുടെ കരളും ബുദ്ധിയും കവര്‍ന്നു. ആണിയും എഴുത്തോലയും കാട്ടിലെവിടെയോ വലിച്ചെറിഞ്ഞപ്പോള്‍ പൂതം ഉണ്ണിയുടെ കൈകളും കവര്‍ന്നു. പിന്നെ വല്ലിക്കുടിലുകളില്‍ ഇരുന്നു അവര്‍ ഒരേ കിനാവുകള്‍ കാണുകയും പുള്ളിമാനുകള്‍ക്ക് പിന്നാലെ കുതിച്ചു പായുകയും കാട്ടു ചോലകളില്‍ തളരുവോളം നീന്തി തുടിക്കുകയും ചെയ്തു. പിന്നെ അന്തിമയങ്ങിയപ്പോള്‍ പൂതം ഉണ്ണിയുടെ തളര്‍ന്നു പോയ ശരീരം പനമുകളിലേക്ക് എടുത്തുകൊണ്ടു പോയി.

No comments:

Post a Comment